A little secret to rock your YouTube subscribers
Get Free YouTube Subscribers, Views and Likes

വാവക്കുട്ടിയും എരുമച്ചേച്ചിയും

Follow
cooking with suma teacher

വാവക്കുട്ടിയും എരുമച്ചേച്ചിയും
(പ്രൊഫ . എസ് . ശിവദാസ് )
കൂട്ടുകാരേ !
ഇന്ന് ഞാൻ വാവക്കുട്ടിയുടെ കഥ പറയാം . വാവക്കുട്ടി
കൊച്ചുകുട്ടി . വായാടിക്കുട്ടി . കുസൃതിക്കുട്ടി . എപ്പോഴും
വർത്തമാനം പറയും. എവിടെയും ഓടിയെത്തും . എന്തു കണ്ടാലും
അത്ഭുതപ്പെടും . സന്തോഷിക്കും . ചിരിക്കും . സംശയങ്ങൾ ചോദിക്കും .
അങ്ങനെയൊരു കാന്താരിക്കുട്ടി . മൂന്നുവയസ്സുകാരി . മാമന്റെ പേരക്കുട്ടി .
ആയിടെ കാനഡായിൽ നിന്നു ബാംഗ്ളൂരിലെത്തിയ പുന്നാരക്കുട്ടി .
ശരിക്കും പേര് അപർണ.
ഒരു ദിവസം മാമന് മാർക്കറ്റിൽ പോകണം. അടുത്താണ്
എച്ച്. എ. എൽ മാർക്കറ്റ് . തിരക്കുള്ള മാർക്കറ്റ്. നേരം വെളുത്ത് വെയിൽ
പരന്ന നേരം. ഞങ്ങൾ പുറത്തേക്ക് പോകുന്നു എന്നറിഞ്ഞാൽ വാവക്കുട്ടി
കരയും . അവൾക്കും വരണമെന്നു വാശി പിടിക്കും .
അതറിയാവുന്നതിനാൽ ഞാൻ മുൻകൂട്ടി ഒരു ജാമ്യമെടുക്കാൻ നോക്കി.
അവളോടു പറഞ്ഞു “വാവക്കുട്ടി ഇവിടെ ഇരുന്നു കളിക്കൂ. അപ്പൂപ്പൻ
ചന്തയിൽ പോയി വരാം. “
അത് കേട്ടതും അവൾ ചാടി എഴുന്നേറ്റു. എന്നിട്ട് കരയാൻ
തുടങ്ങി. വാവക്കുട്ടിക്കും മാർക്കറ്റിൽ പോകണം. വാവക്കുട്ടിക്കും വരണം.
അപ്പൂപ്പാ ഞാനും വരുന്നു. അവൾ ചാടിയോടിപ്പോയി ചെരിപ്പു കണ്ടുപിടിച്ച്
ഇട്ടു തയ്യാറായി.അപ്പോഴും കരയാൻ മറന്നുമില്ല .
അവസാനം ഞാൻ സമ്മതിച്ചു. മഴയാണ് . കാറ്റുമുണ്ട് .
ഇടിയുമുണ്ട് . വഴിയിൽ തടസ്സങ്ങളുണ്ട് . അതായിരുന്നു അവളോടു പോരണ്ടാ
എന്നു പറഞ്ഞത് . ഇനി ഏതായാലും അവളെയും കൊണ്ടുപോകാം . ഞങ്ങൾ
കാറിൽ കയറി.മാർക്കറ്റിനടുത്ത് റോഡരികിൽ കാർ നിർത്തി.പുറത്തിറങ്ങി.
മാർക്കറ്റിലേക്ക് നടന്നു .
വഴി നിറയെ ചെളി . വെള്ളക്കെട്ട് . ഞാൻ ചെളിവെള്ളത്തിൽ
ചവിട്ടാതെ നടക്കാൻ നോക്കി.വാവക്കുട്ടിയോ ചെളിയിൽ ചാടിക്കളിച്ചു
രസിച്ചു. വെള്ളത്തിൽ കാൽകൊണ്ട് അടിച്ചു വെള്ളം തെറിപ്പിച്ചു .
അതൃാഹ്ളാദത്തോടെ ചിരിച്ചു സന്തോഷിച്ചു. ഹൊ ! ഈ ഭ്രാന്തിയെ എന്തു
ചെയ്യും . ഞാൻ എന്നോടു തന്നെ പറഞ്ഞുപോയി.
എന്നാൽ വാവക്കുട്ടി ആനന്ദത്തിൽ ആറാടി നടന്നു. ഒരു
സ്വർഗത്തിലിറങ്ങിയ മട്ട് . ഇത്രയേറെ ചെളിക്കളങ്ങൾ നിറഞ്ഞ ഒരിടം
കാനഡായിൽ കാണുമോ ?
വാവക്കുട്ടിക്ക് ചന്തയിൽ കണ്ടതൊക്കെ അത്ഭുതങ്ങളായിരുന്നു.
എങ്ങും തിരക്ക്. പലതരം മനുഷ്യർ. പലതരം വേഷങ്ങൾ. പല ഭാഷകളിലുള്ള
സംസാരങ്ങൾ . അനേകം സ്റ്റാളുകൾ . അവ നിറയെ പച്ചക്കറികൾ.
പച്ചക്കറികൾ ചീഞ്ഞളിഞ്ഞു കിടക്കുന്നതിന്റെ ദുർഗന്ധവും. ദുർഗന്ധം
വാവാക്കുട്ടിക്ക് സുഗന്ധമായിരുന്നു!
ചന്തയിൽ കണ്ടതെല്ലാം വാങ്ങണമെന്ന് അവൾ ആഗ്രഹിച്ചു .
അവൾ ആവേശത്തോടെ ചുറ്റും കണ്ടുനടന്നു . അപ്പോൾ അവളുടെ കണ്ണുകൾ
വികസിച്ച് പൊട്ടുന്ന മട്ടിലായിരുന്നു. അതിനിടയിലായിരുന്നു റോഡരികിലെ
മരത്തിലെ കുരങ്ങൻമാരെ അവൾ കണ്ടത് .അവരുടെ ചാഞ്ചാട്ടം കണ്ട്
അവളും ചാടിക്കളിച്ചു ചിരിച്ചു രസിച്ചു .
അങ്ങനെ കാഴ്ചകൾ കണ്ട് ചന്തയിലൂടെ നടക്കുമ്പോളായിരുന്നു അവൾ
ചന്തക്കുമുന്നിലെ മൈതാനത്ത് ഒരു അത്ഭുത ജീവിയെ കണ്ടത് . അവൾ
അന്നുവരെ കാണാത്ത ഒരു നാല്ക്കാലി. ഒരു എരുമ ! വലിയ എരുമയമ്മ .
അത് ചുറ്റും ചിതറിക്കിടന്ന പച്ചക്കറികൾ തിന്നുകയായിരുന്നു .
അതൃാഹ്ളാദത്തോടെ അവൾ ആ എരുമച്ചേച്ചിയെ കണ്ടുനിന്നു . എരുമ
വാൽ ആട്ടുന്നു . അവളും അതിനനുസരിച്ച് വശങ്ങളിലേക്ക് ചെരിഞ്ഞും
നിവർന്നും നിന്നു രസിച്ചു . എരുമ നടന്നപ്പോൾ അവളും നടന്നു . എരുമ
നിന്നപ്പോൾ അവളും നിന്നു. പെട്ടെന്ന് എരുമ അവിടെനിന്ന് ഒന്നു കരഞ്ഞു .
ഒരു പാട്ടു കേൾക്കുമ്പോലെ അവൾ അത് കേട്ട് ആനന്ദിച്ചു . അതിനിടെ
എരുമ മൂത്രമൊഴിക്കാൻ തുടങ്ങി . പുറകെ ചാണകമിടാനും തുടങ്ങി .
എത്ര അത്ഭുതകരമായ കാഴ്ച ! അവൾ അതൊക്കെ കൺകുളിർകെ കണ്ട്
ഉച്ചത്തിൽ വിളിച്ചു പറഞ്ഞു .
“അപ്പൂപ്പാ ,! ഈ എരുമച്ചേച്ചിക്ക് എന്തൊരു ഭംഗി !”
“എരുമയ്ക്ക് ഭംഗിയോ ? പൊട്ടിപ്പെണ്ണേ നീ ഒരു ഭ്രാന്തി തന്നെ !”
ഞാൻ വാവക്കുട്ടിയെ ചേർത്ത്പിടിച്ച് പറഞ്ഞു പോയി.
എന്നാൽ വാവക്കുട്ടി എല്ലാം മറന്ന് എരുമച്ചേച്ചിയെ തന്നെ
നോക്കി നിന്നു . അപ്പോൾ ഞാനും അവിടെനിന്ന് ആ എരുമയെ ശ്രദ്ധിച്ചു
നോക്കി . നോക്കി നോക്കി നിന്നപ്പോൾ ഞാനും അത്ഭുതപ്പെട്ടു പോയി .
എരുമക്കുമുണ്ട് ഭംഗി . നല്ല ഭംഗി . അത് നോക്കേണ്ടതുപോലെ നോക്കണം .
വാവക്കുട്ടിയുടെ കണ്ണുകളിലൂടെ നോക്കണം . ആ സൗന്ദര്യം കാണാൻ
കഴിയുന്ന കണ്ണുകളിലൂടെ നോക്കണം.കണ്ട് ആസ്വദിക്കാൻ കഴിയുന്ന,
നിഷ്കളങ്കമായ,മുൻവിധിയില്ലാത്ത കണ്ണുകളിലൂടെ !
“ശരിയാ കുട്ടീ ! ഈ എരുമയ്ക്ക് എന്തൊരു ഭംഗി .” ഞാനും അവളെ
ആശ്ലേഷിച്ചുകൊണ്ടു പറഞ്ഞു.
********************************************

posted by decarats0e