Learn how to get Free YouTube subscribers, views and likes
Get Free YouTube Subscribers, Views and Likes

Forgotten legend of Malayalam Cinema Udaya Studio owner Kunchacko | Alappuzha

Follow
Kaumudy

ആലപ്പുഴ: ആലപ്പുഴ കോൺവെന്റ് സ്ക്വയറിലെ പുരാതനമായ മൗണ്ട് കാർമൽ കത്തീഡ്രൽ സെമിത്തേരിയിലെ 96ാം നമ്പർ കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്നത് ഒരു ചരിത്രമാണ്. മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം എഴുതിച്ചേർത്തൊരു പേര് ഈ കല്ലറയിൽ മങ്ങാതെ, മായാതെയുണ്ട്; കുഞ്ചാക്കോ. കറങ്ങുന്ന ഭൂഗോളത്തിനു മുകളിലിരുന്ന് കൂവുന്ന ആ പൂവൻകോഴിയെ മലയാളി ഇന്നും മറന്നിട്ടില്ല. മലയാള സിനിമയുടെ അനശ്വര സ്മാരകമായി പൂവൻകോഴിയും ഭൂഗോളവും ഇപ്പോഴുമുണ്ടെങ്കിലും കുഞ്ചാക്കോയെ ഓർമ്മിക്കാൻ ആകെയുള്ളത് ഈ കല്ലറയും ഓർമ്മയായിക്കൊണ്ടിരിക്കുന്ന 'ഉദയ' സ്റ്റുഡിയോയും മാത്രം.

മലയാള സിനിമയ്ക്ക്, മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത സംഭാവനകൾ നൽകിയ കുഞ്ചാക്കോയ്ക്ക് സ്മാരകമില്ലെന്നത് വലിയൊരു ദൗർഭാഗ്യമാണ്. ഉദയ സ്റ്റുഡിയോ നിന്ന സ്ഥലം സർക്കാർ ഏറ്റെടുത്ത് മലയാള സിനിമയുടെയോ കുഞ്ചാക്കോയുടെയോ സ്മാരകമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയും മാക്ടയുമടക്കമുള്ള സംഘടനകൾ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. 1976 ജൂണിൽ കുഞ്ചാക്കോ മരണമടഞ്ഞു. തുടർന്ന് മകൻ ബോബൻകുഞ്ചാക്കോ ഉദയയുടെ സാരഥ്യം ഏറ്റെടുത്തു.ബോബനും ചില ചിത്രങ്ങൾ സംവിധാനം ചെയ്തു.1987ൽ ഉദയ ചിത്രങ്ങളിലെ തന്നെ ഗാനരംഗങ്ങൾ കോർത്തിണക്കി പുറത്തിങ്ങിയ 'അനശ്വരഗാനങ്ങ'ളാണ് അവസാന ചിത്രം. പലവിധ കാരണങ്ങളാൽ പിന്നീട് ഉദയ അസ്തമനത്തിലേക്കാണ് നീങ്ങിയത്. സാമ്പത്തിക പ്രതിസന്ധി കാരണം കുറെ സ്ഥലം വിറ്റു. 2004ൽ ബോബനും മരിച്ചു. ശേഷിച്ച സ്ഥലവും പിന്നീട് വിറ്രുപോയി. സ്ഥലത്തിന്റെ ഒരു ഭാഗം വാങ്ങിയ വി.ജെ.ടി ഫിലിംസ് സ്റ്റുഡിയോ പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.

വിസ്മയലോകം

നടൻ കുഞ്ചാക്കോ ബോബന്റെ മുത്തച്ഛനാണ് കുഞ്ചാക്കോ. മോളി, സുമി, ടെസി എന്നീ പെൺമക്കളുമുണ്ട് കുഞ്ചാക്കോയ്ക്ക്. പാതിരപ്പള്ളിയിൽ ദേശീയപാതയോട് ചേർന്ന് 12 ഏക്കറിൽ സ്ഥാപിക്കപ്പെട്ട ഉദയ ഒരു അദ്ഭുതമായിരുന്നു. ഉദയ ചിത്രങ്ങളിലെ സ്ഥിരം നായകനായിരുന്ന പ്രേംനസീറിനും നായക രാഗിണിക്കും പ്രത്യേകം കോട്ടേജുകളുണ്ട്. ചിത്രീകരണത്തിന് മൂന്ന് വിശാലമായ ഫ്ളോറുകൾ,ഡബ്ബിംഗിനും റീറെക്കാർഡിംഗിനുമുള്ള സംവിധാനം, മറ്റ് ആർട്ടിസ്റ്റുകൾക്കുള്ള താമസസൗകര്യം,ഉദ്യാനങ്ങൾ, ജലാശയങ്ങൾ, ഭക്ഷണശാല എന്നിങ്ങനെ എല്ലാമുണ്ട്. ജീവിതനൗക, നല്ലതങ്ക, ഉണ്ണിയാർച്ച, പാലാട്ട്കോമൻ,ഉമ്മ, ഭാര്യ,ആരോമലുണ്ണി, കണ്ണപ്പനുണ്ണി അങ്ങനെ പോകുന്നു ചിത്രങ്ങൾ.

സ്വയം ചരിത്രമാകുന്നു

ഇന്ന് ഉദയ സ്റ്റുഡിയോ ഇല്ല, പരിസരവും.സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കൈമാറപ്പെട്ടപ്പോൾ കെട്ടിടങ്ങളും ഫ്ളോറുകളും ഒന്നൊന്നായി അപ്രത്യക്ഷമായി. 75 ചിത്രങ്ങൾ നിർമ്മിക്കുകയും അതിൽ 40 എണ്ണം സംവിധാനം ചെയ്യുകയും ചെയ്ത കുഞ്ചാക്കോ ഇപ്പോൾ ഓർമ്മയിൽ മാത്രമാണ്. കയർവ്യവസായി ആയിരുന്ന കുഞ്ചാക്കോ, ചലച്ചിത്ര വിതരണക്കാരൻ കെ.വി.കോശിയുമായി ചേർന്നാണ് ഉദയ തുടങ്ങുന്നത്. 1947ലെ ക്രിസ്മസ് ദിനത്തിൽ തറക്കല്ലിട്ടു.1949 ജനുവരി 14 ന് പുറത്തിറങ്ങിയ 'വെള്ളിനക്ഷത്ര'മായിരുന്നു ആദ്യ ചിത്രം.തുടക്കത്തിൽ ചില പരാജയങ്ങളൊക്കെ നേരിട്ടെങ്കിലും സുഹൃത്തും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന അന്തരിച്ച ടി.വി. തോമസിന്റെ കൈപിടിച്ച് കുഞ്ചാക്കോ ശക്തമായി തിരിച്ചുവന്നു. പിന്നീട് ഹിറ്റുകളുടെ പ്രളയം.

......................................................

കുഞ്ചാക്കോയ്ക്ക് സ്മാരകം എന്ന ആവശ്യം ചില ഭാഗങ്ങളിൽ നിന്നുണ്ടായിട്ടുണ്ട്. പക്ഷെ ഉദയ നിന്ന സ്ഥലം ഏറ്റെടുക്കുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുന്നതാണ്. മറ്റെന്തെങ്കിലും സ്മാരകം ഇപ്പോൾ പരിഗണനയിലില്ല.


ക്യാമറ.അനീഷ് ശിവൻ
റിപ്പോർട്ടർ ശ്രീകുമാർ പള്ളീ ലേത്ത്

posted by Cerignolim1